കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാദാന പാരമ്പര്യമുള്ള കോട്ടയം സി.എം.എസ് കോളേജില്‍ ഒരു സംഘം എസ്.എഫ്.ഐ ക്കാര്‍ നടത്തിയ അക്രമപ്പേക്കൂത്ത് തികച്ചും ദൌര്‍ഭാഗ്യകരവും അപലപനീയവുമാണ്. കോളേജില്‍ നവാഗതരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സമ്മേളനം നടക്കുന്നതിനിടയിലാണ് എസ്.എഫ്.ഐ അനുകൂലികള്‍ ക്യാംപസിലേക്ക് ഇരച്ച് കയറിയത്. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കാതെയുള്ള സമാധാനപരമായ സമരമുറകള്‍ സ്വീകരിക്കണമെന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം തള്ളിക്കളഞ്ഞുകൊണ്ടാണ് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സി.എം.എസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടത്. അതിക്രമം പോലീസ് നിഷ്ക്രിയരായി നോക്കി നിന്നതേയുള്ളൂ. എസ്.എഫ്.ഐക്കാര്‍ക്ക് എന്തും ചെയ്യാന്‍ അവസരമൊരുക്കിയ പോലീസ് നിസ്സാര കുറ്റങ്ങള്‍ ചുമത്തി ഏതാനുംപേര്‍ക്കെതിരെ കേസ് എടുത്തെന്നു വരുത്തി. സമരങ്ങളിലൂടെ ഒട്ടേറെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോളേജില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്കു വേണ്ടി അതിക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. കലാലയങ്ങളില്‍ അച്ചടക്കവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനായി കോളേജ് അധികൃതര്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും തയ്യാറാകണം.
അല്‍ഫോന്‍സാ പീറ്റര്‍, മാളിയേക്കല്‍
No comments:
Post a Comment