Saturday, June 26, 2010

പാഠപുസ്തക വിതരണത്തിലെ അശാസ്ത്രീയത

വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് സഹായിക്കുന്നവയാണ് പാഠപുസ്തകങ്ങള്‍. എന്നാല്‍ സ്കൂളുകള്‍ തുറന്ന് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പലയിടത്തും പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ല. സംസ്ഥാനത്തെ സ്കൂളുകളെ ഈ പ്രശ്നം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍കൂടിയല്ലാതെ പോസ്റ്റ് ഓഫീസുകളിലൂടെയുള്ള പുസ്തകവിതരണം ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. എന്നാല്‍ അണ്‍-എയ്ഡഡ് സ്കൂളുകളില്‍ ഡിപ്പോകളിലൂടെ തന്നെയുമാണ്. ഇതില്‍തന്നെ അശാസ്ത്രീയത നമുക്ക് കാണാം. സ്കൂള്‍വര്‍ഷാരംഭത്തില്‍തന്നെ തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തും മറ്റുമാണ് കുട്ടികള്‍ പഠിക്കുന്നത്. ഇത് പരിഹരിക്കുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കും. ഇത്തരം കാര്യങ്ങളില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവം അനാവശ്യമായ വിവാദങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വത്തിനും വഴിയൊരുക്കുന്നു. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം.

അനിറ്റ് തോമസ്, ചൂരപ്പാടിയില്‍

കേരളത്തില്‍ മരുന്നു വില്പന പത്തിരട്ടി വിലയ്ക്ക്

അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഇവിടെ വിറ്റഴിക്കുന്നത് പത്തിരട്ടി മുതല്‍ മുകളിലോട്ടുള്ള വിലയ്ക്കാണെന്നുള്ള മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കുന്നു. സാധാരണക്കാരന്റെ കീശയില്‍ കൈയ്യിട്ടു വാരി മരുന്നു കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ്. ഈ കൊള്ള ലാഭത്തില്‍ പകുതിയിലേറെയും വിഴുങ്ങുന്നത് ഡോക്ടര്‍മാരും മരുന്നു വില്പനക്കാരുമാണെന്നത് സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വ്യാപിച്ചിരിക്കുന്ന പണത്തോടുള്ള ദുര വെളിപ്പെടുത്തുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു ജനത ഇത്തരം ചൂഷണങ്ങള്‍ക്കെതിരായി ഉയിര്‍ത്തെണീല്‍ക്കേണ്ടിയിരിക്കുന്നു.

ജീനാ സണ്ണി, ഞള്ളിയില്‍

കുടുംബ ബജറ്റിനെ അട്ടിമറിക്കുന്ന വില വര്‍ദ്ധന

കേന്ദ്ര സര്‍ക്കാരിന് പറയാന്‍ എന്തൊക്കെ ന്യായങ്ങളുണ്ടായാലും പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് സാധാരണക്കാരുടെ മേല്‍ പതിച്ച ഇടിത്തീ തന്നെയാണ്. വിലക്കയറ്റം കൊണ്ടു വിള്ളലേറ്റ കുടുംബ ബജറ്റുകളുടെ പൂര്‍ണ തകര്‍ച്ചയ്കായിരിക്കും ഈ വില വര്‍ദ്ധനവ് വഴിയൊരുക്കുക. ആഗോള വിപണിവിലയനുസരിച്ച് പെട്രോളിയം വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത് സാഹസികമായ തീരുമാനമാണ്. ജനങ്ങള്‍ക്ക് മിതവിലയ്ക്ക് ഇന്ധനം ഉറപ്പു വരുത്തുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌വാങ്ങുന്നതിന്റെ മുന്നൊരുക്കമാണിതെന്ന് നിസംശയം പറയാം. സാധാരണക്കാരന്റെ ജീവിത ഭാരം കുറയ്ക്കുക എന്ന ഉത്തരവാദിത്തത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്, കേന്ദ്രമായാലും സംസ്ഥാനമായാലും.

ആന്റണി റാഫേല്‍, ‍അന്തിക്കാട്ട്

സുഖവാസമാകുന്ന ജയില്‍ ജീവിതം

പണക്കൊഴുപ്പിന്റെയും പാര്‍ട്ടി ബന്ധത്തിന്റെയും സ്വാധീനത്തില്‍ ജയിലഴികള്‍ അകന്നു മാറുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന് മുന്നില്‍ തടവുകാരായിരിക്കുന്നവര്‍ ജയിലറയ്ക്കുള്ളില്‍ മദ്യവും മയക്കുമരുന്നും മൊബൈലുമൊക്കെയായി സുഖവാസ ജീവിതം നയിക്കുന്നു എന്നതില്‍ നിന്നും നമ്മുടെ ക്രമസമാധാന വ്യവസ്ഥയുടെ തകര്‍ച്ചയുടെ കാരണം മനസ്സിലാക്കാം. അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

ജിബിന്‍ ജെയിംസ് നഗരൂര്‍

ജനത്തെ വലയ്ക്കുന്ന ഹര്‍ത്താലുകള്‍

‍ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് ഹര്‍ത്താലുകളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. ബന്ദ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ നോക്കുകുത്തിയാക്കി ഹര്‍ത്താലെന്ന ഓമനപ്പേരില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ജന ജീവിതത്തെ സ്തംഭിപ്പിക്കുകയാണ്. എത്രയോ മനുഷ്യരാണ് ഇക്കഴിഞ്ഞ ഹര്‍ത്താലില്‍ വലഞ്ഞത്. തലേദിവസം വൈകിട്ട് മാത്രം പ്രഖ്യാപിച്ച ഹര്‍ത്താലിനെക്കുറിച്ച് പലരും അറിഞ്ഞത് ഓരോ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുവാന്‍ വഴിയിലിറങ്ങിയപ്പോള്‍ മാത്രമായിരുന്നു. പി.എസ്.സി, സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ച് സര്‍ക്കാര്‍ ഭരണമുന്നണിയുടെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ യു.പി.എസ്.സി പരീക്ഷകള്‍ തടസമില്ലാതെ നടന്നു. പരീക്ഷ എഴുതാന്‍ സാധിക്കാതെ അവസരം നഷ്ടമായ കേരളത്തിലെ അഭ്യസ്ഥ വിദ്യരുടെ കണ്ണുനീരിന് ആരാണ് വില നല്‍കുക?

നോബിള്‍ ജോസ് തോട്ടത്തില്‍

ആശ്വാസം പകരുന്ന കോടതി വിധി

സംസ്ഥാനത്തെ പൊതു പാതകളിലും, വഴിയോരങ്ങളിലും സമ്മേളനങ്ങള്‍ നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാ‍ണ്. വിധിയെ എതിര്‍ക്കുന്നവര്‍ പൌരാവകാശത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോള്‍ യാത്ര ചെയ്യുക എന്ന സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യത്തെ കണ്ടതായി നടിക്കുന്നില്ല. പൊതുനിരത്തില്‍ നടക്കുന്ന ഒരു ചെറിയ പ്രകടനത്തിനോ വഴി തടഞ്ഞു നടത്തുന്ന ഒരു പൊതു യോഗത്തിനോ സാമാന്യ ജനത്തെ കുറച്ചു നേരത്തേക്കെങ്കിലും ബന്ദികളാക്കാന്‍ കഴിയുന്നു. സുഗമമായ ഗതാഗതം മാത്രമല്ല ജനങ്ങളുടെ സുരക്ഷയും ഈ വിധി ഉറപ്പ് വരുത്തുന്നു. റോഡരികില്‍ നടന്ന പൊതുയോഗത്തിലേക്ക് വാഹനം ഇടിച്ചു കയറി ഉണ്ടായിട്ടുള്ള അപകടങ്ങള്‍ എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ കോടതി വിധികളെ മാനിക്കുവാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യത ഉണ്ടെന്ന് ഓര്‍മിക്കുന്നതു നന്ന്.
ജീന സണ്ണി, ഞള്ളിയില്‍

ജനവിരുദ്ധമായ വില വര്‍ദ്ധനവ്

പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കൂട്ടാനുള്ള കേന്ദ്രതീരുമാനം വിവിധ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഈ വര്‍ദ്ധനവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പെട്രോളിയം കമ്പനികള്‍ അധിക ചിലവ് കുറയ്ക്കാതെ നഷ്ടക്കണക്ക് നിരത്തുമ്പോള്‍ അവര്‍ക്ക് കുടപിടിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ധന വില വര്‍ദ്ധനയുടെ പേരില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ഇനിയും വില കൂടും. കാര്‍ഷിക വ്യാവസായിക മേഖലകളില്‍ ഉല്പാദന ചിലവ് വര്‍ദ്ധിക്കുന്നതിന്റെ ഭാരവും ചുമക്കേണ്ടി വരുന്നത് പാവം ജനങ്ങള്‍ തന്നെ.

അല്‍‌ഫോന്‍സാ പീറ്റര്‍, മാളിയേക്കല്‍

മൂക്കത്ത് വിരല്‍‌വച്ച് നില്‍ക്കുന്ന കേരളം

കേരളത്തിലെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിന് ഏറ്റവും നല്ല ഉദാഹരണമാണ് വിദ്യാഭ്യാസ രംഗത്തെ അരാജകാവസ്ഥ. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയത് ഇവിടുത്തെ മികച്ച വിദ്യാഭ്യാസ മേഖലയായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളെ വെറുതേ ജയിപ്പിച്ചുവിട്ട് അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുന്നു. ടോയ്‌ലറ്റ് സൌകര്യം പോലും ഇല്ലാത്ത സ്കൂളുകള്‍ കേരളത്തില്‍ ഒട്ടേറെയുണ്ട് എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഈ അവസ്ഥ തുടര്‍ന്നാല്‍ നാട്ടില്‍ തൊഴില്‍‌രഹിതരുടെ എണ്ണം എണ്ണം വര്‍ദ്ധിക്കുകയും നാടിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യും. ഈ ദുരവസ്ഥ പരിഹരിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം.

സെബിന്‍ ജോണി, മുണ്ടപ്ലാക്കല്‍

ആദ്യം കുടിയേറ്റം പിന്നെ കുടിയിറക്കം

മൂന്നാറില്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ കാസര്‍ഗോഡ് സ്വന്തം ഭൂമി ഒഴിഞ്ഞു പോകാന്‍ ആളുകള്‍ പാടുപെടുന്നു. കൃഷിനാശവും മറ്റുമാണ് ആളുകളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒരു ഏക്കറില്‍ പത്ത് ക്വിന്റല്‍ അടയ്ക്ക കിട്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ പത്തു കിലോ തികച്ച് കിട്ടുന്നില്ലത്രേ. അന്‍പതും നൂറും തെങ്ങുകള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇന്ന് അരച്ചു കൂട്ടാന്‍ തേങ്ങാ വിലകൊടുത്തു വാങ്ങണം. അതിനാല്‍ ഇനിയൊരങ്കത്തിന് തയ്യാറാവാതെ മലയിറങ്ങാനൊരുങ്ങുകയാണ് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ശല്യവും കൂടിയായപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറി പൊന്നു വിളയിച്ച മണ്ണില്‍നിന്ന് കണ്ണുനീരോടെ ഇറങ്ങിപ്പോരേണ്ട ഗതികേടിലായി കര്‍ഷകര്‍. കയ്യേറ്റ കാഴ്ചകള്‍ക്കിടയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ പോവുകയാണ് ഈ കുടിയിറക്കം. കേരളത്തിന്റെ കാര്‍ഷിക സാമൂഹിക സാമ്പത്തിക മേഘലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കുടിയിറക്കം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

റാണി മരിയമൂലേപ്ലാക്കല്‍

Sunday, June 20, 2010

റോഡ് പിന്നെയും മരാമത്തായി..

ഒരു പ്രദേശത്തിന്റെ വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവയാണ് അവിടുത്തെ റോഡുകള്‍. കാലവര്‍ഷത്തെ തുടര്‍ന്ന് കേരളത്തിലെ റോഡുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലത്തിനു മുന്‍പ് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ നടത്താതെ ഇരുന്നതിനാലാണ് റോഡുകള്‍ ചെളിക്കുണ്ടായി മാറിയത്. ഇതു മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളാണ്. ദേശീയ പാതയുടെ അവസ്ഥയും പരിതാപകരമാണ്. അറ്റകുറ്റപ്പണിക്കായി ലഭിക്കുന്ന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് മാത്രം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. റോഡുകളുടെ ശോചനീയാവസ്ഥ മാധ്യമങ്ങളും ജനകീയ സംഘടനകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ പണികള്‍ നടത്താതെ ഒഴിഞ്ഞു മാറിയതിനാലാണ് ഈ മഴക്കാലത്ത് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. നാടിന്റെ സമ്പത്തായി മാറേണ്ടവയാണ് നമ്മുടെ റോഡുകള്‍ എന്ന് നമ്മുടെ ഭരണാധികാരികള്‍ എന്നാണാവോ മനസ്സിലാക്കുക.
അനിറ്റ് തോമസ്, ചൂരപ്പാടിയില്‍

കലാലയങ്ങളില്‍ കലാപം അഴിച്ചുവിടരുത്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാദാന പാരമ്പര്യമുള്ള കോട്ടയം സി.എം.എസ് കോളേജില്‍ ഒരു സംഘം എസ്.എഫ്.ഐ ക്കാര്‍ നടത്തിയ അക്രമപ്പേക്കൂത്ത് തികച്ചും ദൌര്‍ഭാഗ്യകരവും അപലപനീയവുമാണ്. കോളേജില്‍ നവാഗതരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സമ്മേളനം നടക്കുന്നതിനിടയിലാണ് എസ്.എഫ്.ഐ അനുകൂലികള്‍ ക്യാം‌പസിലേക്ക് ഇരച്ച് കയറിയത്. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കാതെയുള്ള സമാധാനപരമായ സമരമുറകള്‍ സ്വീകരിക്കണമെന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം തള്ളിക്കളഞ്ഞുകൊണ്ടാണ് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സി.എം.എസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടത്. അതിക്രമം പോലീസ് നിഷ്ക്രിയരായി നോക്കി നിന്നതേയുള്ളൂ. എസ്.എഫ്.ഐക്കാര്‍ക്ക് എന്തും ചെയ്യാന്‍ അവസരമൊരുക്കിയ പോലീസ് നിസ്സാര കുറ്റങ്ങള്‍ ചുമത്തി ഏതാനും‌പേര്‍ക്കെതിരെ കേസ് എടുത്തെന്നു വരുത്തി. സമരങ്ങളിലൂടെ ഒട്ടേറെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോളേജില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്കു വേണ്ടി അതിക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. കലാലയങ്ങളില്‍ അച്ചടക്കവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനായി കോളേജ് അധികൃതര്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും തയ്യാറാകണം.
അല്‍ഫോന്‍സാ പീറ്റര്‍, മാളിയേക്കല്‍

Saturday, June 19, 2010

ജയില്‍ വാസം സുഖകരം, ചാട്ടവും...

പുറത്ത് ജീവിക്കുന്നതിനെക്കാള്‍ സുഖം ജയിലില്‍ കഴിയുന്നതാണെന്ന് പൊതുവേ ഒരു പറച്ചില്‍ ഉണ്ടല്ലോ. ജയിലില്‍ കഴിയാന്‍ മാത്രമല്ല ജയില്‍ ചാടാനും സുഖമാണെന്നാണ് കണ്ണൂര്‍ ജയിലില്‍ നിന്നുള്ള തടവ് ചാട്ടം ബോധ്യപ്പെടുത്തിയത്. കുറ്റവാളികള്‍ക്ക് തങ്ങളുടെ ജീവിതം ആഘോഷമാക്കി മാറ്റാനുള്ള സൌകര്യമാണ് ഇന്ന് ജയിലില്‍ ലഭിക്കുന്നത്. രാഷ്ട്രീയക്കാരുമായി ബന്ധമുള്ള കുറ്റവാളികള്‍ക്ക് ആരെയും പേടിക്കാതെയും തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭംഗം വരാതെയും കഴിയാന്‍ സാധിക്കുന്നു. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് നിയമത്തെ വിലക്കെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ജയിലിനുള്ളില്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന അവസ്ഥ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്.
ശില്പ ജയിംസ് ഇളംതോട്ടം

കലാശാലകള്‍ കലാപശാലകളാകുന്നു

സി.എം.എസ് കോളേജിലെ അക്രമങ്ങള്‍ അപലപനീയമാണ്. അറിവ് നേടാന്‍ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ ക്രിമിനലുകളായാണ് മടങ്ങുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ നിയമം കൈയ്യിലെടുത്ത് ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുകയാണ്. കോട്ടയത്ത് നടന്ന അതിക്രമങ്ങളെ കാടത്തമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിനു മുന്‍പ് നിയമപാലകര്‍ക്കു നേരെയായിരുന്നു വിദ്യാര്‍ത്ഥി നേതാക്കളുടെ അതിക്രമങ്ങളെങ്കില്‍ ഇപ്പോള്‍ അത് സ്വന്തം അദ്ധ്യാപകര്‍ക്കു നേരെയുമായിരിക്കുന്നു. നല്ലൊരു നാളെയെ വാര്‍ത്തെടുക്കേണ്ടവരായ കുട്ടികളെ അക്രമത്തിന്റെ പാതയിലൂടെ നയിക്കുന്ന രാഷ്ട്രീയക്കാര്‍ നമ്മുടെ നാടിന്റെ ഭാവിയെയാണ് നശിപ്പിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
ജീനാ സണ്ണി, ഞള്ളിയില്‍

അഴിയുന്നുവോ ജയിലഴികള്‍ ?

‍സമൂഹത്തിന് ദോഷം ചെയ്യുന്നവരെ പാര്‍പ്പിക്കുവാനാണ് ജയിലുകള്‍ ഉപയോഗിക്കുന്നത്. ഈ ജയിലുകള്‍ സുരക്ഷിതമല്ലെങ്കില്‍ അത് സമൂഹത്തിന്റെ സമാധാനം കെടുത്തും. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് അടുത്തിടെ തടവു ചാടിയ റിപ്പര്‍ ജയാനന്ദനെയും, റിയാസിനെയും പിന്നീട് പിടി കൂടിയെങ്കിലും അവരുടെ ജയില്‍ ചാട്ടം കേരളത്തിലെ ജയിലുകളുടെ സുരക്ഷാ വിള്ളലുകളെയാണ് കാണിച്ചു തരുന്നത്. കണ്ണൂര്‍ ജയിലില്‍ നടന്ന പരിശോധനയില്‍ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഇവ തടവുകാര്‍ക്ക് കിട്ടിയതിനുപിന്നില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവുന്നതല്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി കുറ്റവാളികളെ വളര്‍ത്തിക്കൊണ്ടു വരുന്ന സമീപനം രാഷ്ട്രീയ നേതാക്കള്‍ ഉപേക്ഷിച്ചെങ്കില്‍ മാത്രമേ സമൂഹത്തില്‍ സമാധാനം ഉറപ്പ് വരുത്താന്‍ സാധിക്കൂ.
മരിയ മാത്യു കൊച്ചു മുറിയില്‍

പരിധിവിടുന്ന ക്യാമ്പസ് രാഷ്ട്രീയം

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നടക്കാന്‍ പാടില്ലാത്തതാണ് കോട്ടയം സി.എം.എസ് കോളേജില്‍ നടന്നത്. വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധത്തിന്റെ മറവില്‍ ഗുണ്ടാ വിളയാട്ടമാണ് നടന്നത്. അക്രമാസക്തരായവരെ പ്രതിരോധിക്കാനുള്ള കടമ പോലീസിനുണ്ട്. എന്നാല്‍ കോട്ടയത്ത് പോലീസ് വെറും നോക്കുകുത്തികള്‍ ആവുകയായിരുന്നു. കലാലയങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുവാനുള്ള അന്തരീക്ഷം ഒരുക്കുവാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. എന്നാല്‍ ഭരണകക്ഷിയുടെ അറിവോടെയാണ് കുട്ടി സഖാക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് കാഴ്ചക്കാരില്‍ സംശയം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു സി.എം.എസ് കോളേജിലെ ആസൂത്രിത സംഭവങ്ങള്‍. എന്തിന്റെ പേരിലായാലും അതിക്രമം നടത്തുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല.
ജിബി തോമസ് ഞള്ളിയില്‍